Wednesday, April 1, 2015

എന്റെ കല്യാണി...



കല്യാണി എന്ന പേര് കണ്ടു പലർക്കും ഒരു സംശയമുണ്ട്. ഇത് ആരാണ് എന്ന്... എന്റെ പല സുഹൃത്തുക്കൾക്കും അറിയാമെങ്കിലും അറിയാത്തവരായി കുറേപേരുണ്ട്. ഒരു പേരിൽ എന്തിരിക്കുന്നു എന്നാണെങ്കിൽ ഈ പേരിൽ എനിക്കുള്ളത് ചില നല്ല ഓർമ്മകളാണ്. കല്യാണി എന്ന് എന്റെ മുത്തശ്ശൻ പണ്ട് എന്നെ ഓമനപ്പേര് വിളിച്ച്ചിരുന്നതാണ്.. പിന്നെ വർഷങ്ങൾക്കു ശേഷം, ഫോർട്ട് കൊച്ചിയിലെ വീട്ടിൽ താമസിക്കുമ്പോൾ ഞാൻ മറ്റൊരാൾക്ക് ആ പേര് പകുത്തു നൽകി. അത് സുന്ദരിയായ ഒരു കാക്കയാണ്..കേൾക്കുന്നവർക്ക് ചിരി പകർന്നേക്കാമെങ്കിലും കാക്കയ്ക്കും സൗന്ദര്യമുണ്ടെന്നു എനിക്ക് പറയാൻ പറ്റും...എണ്ണക്കറുപ്പാർന്ന തൂവലിന് ചന്തം ചാർത്താനെന്ന പോലെ ഇടയിലായി ഒരു വെള്ളത്തൂവൽ കൂടി ഉണ്ടായിരുന്നു അവൾക്ക്. അതായിരുന്നു അവളാണ് കല്യാണി എന്ന് തിരിച്ചറിയാനുള്ള മാർഗവും. കാക്കകളെ കണ്ടാൽ ആട്ടിയോടിക്കലാണ് പതിവെങ്കിലും അവളോടെനിക്ക് എന്തോ ഒരു അടുപ്പം തോന്നി..ഒരുപക്ഷെ അവൾക്കു എന്നോടും. സ്ഥിരമായി അവൾ രാവിലെയും വൈകിട്ടും എന്നെ തേടി എത്തിത്തുടങ്ങി. കൂട്ടുകാരെ ഒന്നും കൂട്ടാതെ തനിച്ചുള്ള ആ വരവിൽ അവൾ എന്തോ പ്രതീക്ഷിക്കുന്ന പോലെ...പിന്നീട് സ്ഥിരമായി ഞാൻ അവൾക്കു ഭക്ഷണം കൊടുക്കാൻ തുടങ്ങി. കല്യാണി എന്ന പേരും കൊടുത്തു. കാക്കകൾ ഇണങ്ങാറില്ലെന്നാണ് കേട്ടുകേൾവിയെങ്കിലും, കല്യാണീ എന്ന എന്റെ വിളി കേട്ടാൽ അവൾ എവിടെനിന്നും പറന്നെത്തി തുടങ്ങി. കയ്യിൽ വെച്ച് കൊടുക്കുന്ന ഭക്ഷണം ഒരു പേടിയും കൂടാതെ എന്നെ തരിമ്പു പോലും വേദനിപ്പിക്കാതെ കയ്യിൽ നിന്ന് കൊത്തിയെടുക്കാനുള്ള കഴിവ് അവളെങ്ങനെ നേടി എന്ന് എനിക്കിന്നും അറിയില്ല. അങ്ങനെ കല്യാണി ഞങ്ങളുടെ ജീവിതത്തിലെ ഭാഗമായി. അങ്ങനെ ഒരിക്കൽ വൈകുന്നേരം കല്യാണിക്ക് കൊടുക്കാൻ സ്പെഷ്യൽ ഒന്നും ഇല്ലാതായി. അന്ന് ഞാൻ ഫ്രിഡ്ജിൽ ഇരുന്ന കുറച്ചു മുന്തിരി കഴുകി എന്റെ കൈവെള്ളയിൽ വെച്ച് കല്യാണിയെ വിളിച്ചു. അവൾ സ്നേഹത്തോടെ വന്നു അത് കഴിച്ചു പോയി...പിന്നെ ഇന്ന് വരെ ഞാൻ അവളെ കണ്ടിട്ടില്ല. ഈ കഥ കേട്ടവരും വീട്ടിലുള്ളവരും പറയുന്നത് വെച്ചാണെങ്കിൽ എന്റെ മുന്തിരി കഴിച്ചു കല്യാണി വയറിളകി മരിച്ചു പോയതാവാം എന്നാണു നിഗമനം. അതോ അവൾക്കു വേറെ ആരെയെങ്കിലും കൂട്ട് കിട്ടിയോ...സത്യം അജ്ഞാതമാണെങ്കിലും കല്യാണി ഇന്നും എന്റെ മനസ്സിൽ നല്ലൊരു ഓർമ്മയാണ്.

No comments:

Post a Comment