Wednesday, April 1, 2015

മോക്ഷം....


നിന്നെ അറിയാനെനിക്കായില്ല .............
................മാപ്പ്........................
ഇവിടെ തുടങ്ങുന്നു പഴയ ഒർമചെപ്പി-
ലെന്നോ അറിയാതടച്ചിട്ട
കുപ്പിവളത്തുണ്ടുകള്‍,
പല സ്വപ്ന വ ര്‍ണ്ണങ്ങള്‍....
സ്മൃതികള്‍................മായാതെ-
വീണ്ടുമൊരുണര്‍ത്തു പാട്ടിന്റെ-
ഈരടികള്‍ കാതോര്‍ത്ത്.....
ഇനിയുമൊരു പുനര്‍ജന്‍മ-
കഥയുര ചെയ്യുവാൻ.....
വീണ്ടും തണുത്തു വിറങ്ങലിച്ച-
ഓർമ്മകളെ ചെപ്പിലോതുക്കി വെച്ചിടാതെ-
കാലം അതിന്റെ ദൗത്യം തുടരട്ടെ..
എനിക്ക്..........മറുത്തു നൽകുവാനില്ല,
ഇനിയൊരു തുണ്ട് സ്വപ്നം കൂടി..
ഞാന്‍...........ഒരു മരവിച്ച ശിലയായി മാറുന്നു.
വീണ്ടുമൊരു നാദമുതിര്‍ക്കുവാൻ-
ഈ തന്ത്രികള്‍ നിശ്ചലം നിന്ന് പോയ്....
ഈ അഹല്യ - ശാപമോക്ഷം കിട്ടാതലയുന്നു.........
ഏതോ രാമപാദം തേടി.....
ഇല്ല...............ആ പാദസ്പര്‍ശം എന്നെ കടന്നുപോയ്...
അറിയാതെയോ, അതോ അറിഞ്ഞുകൊണ്ടോ....
ഇനി..........എന്തിനായൊരു പുനര്‍ജന്‍മം..
നിനക്കായ്.........കണ്ണുനീരിന്റെ ഉപ്പാല്‍ കുതിര്‍ന്ന-
സ്നേഹത്തിന്റെ നോവാല്‍ നിറഞ്ഞ-
വിരഹത്തിന്റെ കയ്പ്പുനീരാര്‍ന്ന-
ഒരായിരം മംഗളാശംസകള്‍.


ഓര്‍മ്മ


എനിക്കൊന്നുറക്കെ കരയണം...
എനിക്കും നിനക്കുമിടയിലെ ദൂരമൊന്നളക്കണം....
പണ്ട് നീ തന്ന കുപ്പിവളക്കിലുക്കവും കേള്‍ക്കണം....
എനിക്കു മാത്രമായ് പാടിയോരാ പാട്ടിന്റെ -
താളവും കേട്ട് -
എനിക്കൊന്നുറക്കെ കരയണം...
പറന്നു പൊങ്ങിയ പട്ടത്തിന്‍ ചരടില് -
പിടിച്ചു തൂങ്ങി പറക്കുവാന്‍ നോക്കണം..
അടുത്ത വീട്ടിലെ ചക്കരമാവിന്റെ -
തുഞ്ചത്ത് നിന്നെ കയറ്റുവാന്‍ നോക്കണം ..
എനിക്ക് വേണം തിരിച്ചു കിട്ടാതോരെന്‍ -
ബാല്യ കൗമാര സ്വപ്നങ്ങളെല്ലാം - കൂടെ
നിന്നെയും നിന്റെ കിനാക്കളും....


നിദ്ര,.



നിദ്ര,
നിറവയറൊഴിഞ്ഞ നിരാലംബ പോല -
പരശതം കാതങ്ങൾക്കപ്പുറെ നിന്ന് -
ചേക്കേറാനൊരു കൂട് തേടി -
അഭിനവ രാമന്മാരുടെ -
കോട്ട കൊത്തളങ്ങൾ കടന്നു -
എന്റെ ശയ്യാഗൃഹത്തിലേക്ക്...
പാതി മയങ്ങിയൊരെൻ ഇമകളിലൊരു -
തീർത്ഥാടനത്തിന്റെ ശാന്തി..
നിദ്ര,
നിറങ്ങൾ മങ്ങിയ ജീവിതത്തോണിയിൽ-
മഴവില്ലിനൊരു കൂടാരം കെട്ടി -
വെണ്‍മേഘത്തെ പാറാവു നിർത്തി -
നിലാവ്കൊണ്ടൊരു മേലാപ്പു ചുറ്റി -
എല്ലാം മറന്നൊരു മയക്കം..



എന്റെ കല്യാണി...



കല്യാണി എന്ന പേര് കണ്ടു പലർക്കും ഒരു സംശയമുണ്ട്. ഇത് ആരാണ് എന്ന്... എന്റെ പല സുഹൃത്തുക്കൾക്കും അറിയാമെങ്കിലും അറിയാത്തവരായി കുറേപേരുണ്ട്. ഒരു പേരിൽ എന്തിരിക്കുന്നു എന്നാണെങ്കിൽ ഈ പേരിൽ എനിക്കുള്ളത് ചില നല്ല ഓർമ്മകളാണ്. കല്യാണി എന്ന് എന്റെ മുത്തശ്ശൻ പണ്ട് എന്നെ ഓമനപ്പേര് വിളിച്ച്ചിരുന്നതാണ്.. പിന്നെ വർഷങ്ങൾക്കു ശേഷം, ഫോർട്ട് കൊച്ചിയിലെ വീട്ടിൽ താമസിക്കുമ്പോൾ ഞാൻ മറ്റൊരാൾക്ക് ആ പേര് പകുത്തു നൽകി. അത് സുന്ദരിയായ ഒരു കാക്കയാണ്..കേൾക്കുന്നവർക്ക് ചിരി പകർന്നേക്കാമെങ്കിലും കാക്കയ്ക്കും സൗന്ദര്യമുണ്ടെന്നു എനിക്ക് പറയാൻ പറ്റും...എണ്ണക്കറുപ്പാർന്ന തൂവലിന് ചന്തം ചാർത്താനെന്ന പോലെ ഇടയിലായി ഒരു വെള്ളത്തൂവൽ കൂടി ഉണ്ടായിരുന്നു അവൾക്ക്. അതായിരുന്നു അവളാണ് കല്യാണി എന്ന് തിരിച്ചറിയാനുള്ള മാർഗവും. കാക്കകളെ കണ്ടാൽ ആട്ടിയോടിക്കലാണ് പതിവെങ്കിലും അവളോടെനിക്ക് എന്തോ ഒരു അടുപ്പം തോന്നി..ഒരുപക്ഷെ അവൾക്കു എന്നോടും. സ്ഥിരമായി അവൾ രാവിലെയും വൈകിട്ടും എന്നെ തേടി എത്തിത്തുടങ്ങി. കൂട്ടുകാരെ ഒന്നും കൂട്ടാതെ തനിച്ചുള്ള ആ വരവിൽ അവൾ എന്തോ പ്രതീക്ഷിക്കുന്ന പോലെ...പിന്നീട് സ്ഥിരമായി ഞാൻ അവൾക്കു ഭക്ഷണം കൊടുക്കാൻ തുടങ്ങി. കല്യാണി എന്ന പേരും കൊടുത്തു. കാക്കകൾ ഇണങ്ങാറില്ലെന്നാണ് കേട്ടുകേൾവിയെങ്കിലും, കല്യാണീ എന്ന എന്റെ വിളി കേട്ടാൽ അവൾ എവിടെനിന്നും പറന്നെത്തി തുടങ്ങി. കയ്യിൽ വെച്ച് കൊടുക്കുന്ന ഭക്ഷണം ഒരു പേടിയും കൂടാതെ എന്നെ തരിമ്പു പോലും വേദനിപ്പിക്കാതെ കയ്യിൽ നിന്ന് കൊത്തിയെടുക്കാനുള്ള കഴിവ് അവളെങ്ങനെ നേടി എന്ന് എനിക്കിന്നും അറിയില്ല. അങ്ങനെ കല്യാണി ഞങ്ങളുടെ ജീവിതത്തിലെ ഭാഗമായി. അങ്ങനെ ഒരിക്കൽ വൈകുന്നേരം കല്യാണിക്ക് കൊടുക്കാൻ സ്പെഷ്യൽ ഒന്നും ഇല്ലാതായി. അന്ന് ഞാൻ ഫ്രിഡ്ജിൽ ഇരുന്ന കുറച്ചു മുന്തിരി കഴുകി എന്റെ കൈവെള്ളയിൽ വെച്ച് കല്യാണിയെ വിളിച്ചു. അവൾ സ്നേഹത്തോടെ വന്നു അത് കഴിച്ചു പോയി...പിന്നെ ഇന്ന് വരെ ഞാൻ അവളെ കണ്ടിട്ടില്ല. ഈ കഥ കേട്ടവരും വീട്ടിലുള്ളവരും പറയുന്നത് വെച്ചാണെങ്കിൽ എന്റെ മുന്തിരി കഴിച്ചു കല്യാണി വയറിളകി മരിച്ചു പോയതാവാം എന്നാണു നിഗമനം. അതോ അവൾക്കു വേറെ ആരെയെങ്കിലും കൂട്ട് കിട്ടിയോ...സത്യം അജ്ഞാതമാണെങ്കിലും കല്യാണി ഇന്നും എന്റെ മനസ്സിൽ നല്ലൊരു ഓർമ്മയാണ്.

മാതാ പിതാ ഗുരു ദൈവം



എവിടെ തിരിഞ്ഞാലും പീഡനവാർത്തകൾ മാത്രം...സ്ത്രീകളുടെ വസ്ത്രധാരണ രീതിയുടെ അപാകതയെന്നു ഒരു കൂട്ടർ. പുരുഷന്മാരുടെ നിയന്ത്രണമില്ലായ്മക്ക് സ്ത്രീ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുതെന്ന് മറ്റൊരു കൂട്ടർ. എന്തൊക്കെയായാലും സ്വന്തം മകളെ പീഡിപ്പിക്കുന്ന അച്ഛനും, അമ്മയെ പീഡിപ്പിക്കുന്ന മകനും കൊള്ളി വെക്കേണ്ട കാലം കഴിഞ്ഞു. ഇന്നലെയും കണ്ടു ടിവിയിൽ, മകളെ പീഡിപ്പിച്ച ക്രെഡിറ്റിൽ പുഞ്ചിരിയോടെ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഒരച്ഛനെ.. ഇനി ഇവനൊക്കെ മാക്സിമം ഒരു ജീവപര്യന്തം കൊടുത്തു നാട്ടുകാരുടെ ചിലവിൽ ചപ്പാത്തിയും കോഴിയും തീറ്റിച്ച് സുന്ദരക്കുട്ടപ്പന്മാരാക്കി വീണ്ടും കളത്തിൽ ഇറക്കുന്ന ഒരു ചീഞ്ഞ നിയമവും.. അച്ഛനാണ് പോലും അച്ഛൻ ത്ഫൂ....ഇവനെയൊക്കെ ഷണ്‍ഡനാക്കി ജനങ്ങൾക്ക്‌ കല്ലെറിഞ്ഞു കൊല്ലാൻ അനുമതി കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 
Note : "മാതാ പിതാ ഗുരു ദൈവം"


Tuesday, March 31, 2015

നിറം...

കനിവില്ല കാലത്തിനും -
കദന ഭാരത്തിനും. 
കവിളിലുമ്മ നൽകേണ്ട വദനം 
കരിഞ്ഞു ശോണിമ വറ്റിക്കിടക്കുന്നു.
ചുരന്ന മാറ-റുത്തു മാറ്റിയ 
ചുടലപ്പിശാചുക്കൾ താണ്ഡവമാടുന്നു.
കരഞ്ഞ കണ്ണുനീർത്തുള്ളിയാലമ്മയ്ക്ക്-
കരുതാമൊരിറ്റു ദാഹം ശമിക്കാനായ്.
കറുപ്പും വെളുപ്പും പറഞ്ഞോരു കൂട്ടരേ
ഇരുളും വെളിച്ചവും സത്യമെന്നോർക്കണേ.
അറുത്ത മാംസത്തിലൊരു നിറം മാത്രമാ-
കൊഴുത്ത ചെഞ്ചോര - കാലം തെളിയിക്കും.

മൗനം...


എന്റെ മൗനം  എന്റെ ലോകമാണ്
എന്റെ ഭാഷയാണ്‌ ..........
നിനവുറങ്ങാത്ത ഹൃദയ മർമ്മരങ്ങളുടെ
നിസ്വനങ്ങളാണ്...........
പ്രണയം തുളുമ്പു മെന്നാത്മാവിൻ
ആർദ്ര ഹൃദയ മന്ത്രണമാണ്‌.....
എന്റെ വേദനകളുടെ മുഖ കവചമാണ്‌
എന്നിലൂറും പ്രതിഷേധത്തിൻ വിപ്ലവ ഗാനവും .........
ഉറവ നിലയ്ക്കാത്ത സൌഹൃദത്തിന്റെ
ശീതള തരുച് ചായ............
പ്രണയ സ്മൃതികളുടെ താജ്മഹൽ
എന്റെ സ്വപ്നങ്ങളുടെ പറുദീസ...........
മനസ്സിന്റെ വാത്മീകങ്ങളിൽ
മഹാസമാധി തേടുമീ മൗനത്തെ
ഞാൻ പ്രണയിയ്ക്കുന്നു............
എന്റെ ഹൃദയത്തെ എന്ന പോലെ .........